Tuesday, 11 October 2011

മഴയുടെ പ്രണയം.................

ഋതു ഭേദങ്ങളുടെ പ്രദക്ഷിണ വഴിയില്‍
ഋതുക്കള്‍ കാലം തെറ്റി എത്തുന്നു
കുളിര്‍ നഷ്ടമായ ഹിമ കണങ്ങള്‍......
വേനലായ്‌ എരിയാന്‍, മറന്നു പോയ ഗ്രീഷ്മം..
പൂക്കളും, നിറങ്ങളും അന്യമായ വസന്തം...
നീര്‍മുത്തുകള്‍ ഇല്ലാത്ത മഴനിഴലുകള്‍...
മിഴിത്തുമ്പില്‍ തുളുമ്പാന്‍ ഒരുങ്ങിയ മുത്തുമണികള്‍
കൊഴിയാന്‍ മറന്നു പോയ്‌ ഒരു നിമിഷം.
പിന്നീടെപ്പോഴോ...ഏതോ നൊമ്പരത്തില്‍ ലയിച്ചില്ലാതെയായ്.
സ്വരുക്കൂട്ടിയ സ്വപ്ന മഴക്കാല കനവുകള്,
വഴിതെറ്റിയെത്തിയ ഗ്രീഷ്മാതപത്തില്‍ അലിഞ്ഞു പോയ്‌.
കാത്തിരുന്ന മഴക്കാലം....യാത്ര പറയാതെ...
കണ്ണീര്‍ വീഴ്ത്താതെ... അകന്നു പോയ്‌.
മഴമേഘമായ് നീയന്നു വന്നപ്പോള്‍ അറിഞ്ഞിരുന്നു
നിനക്ക് തുണയായ്, മിന്നലുണ്ടാവും എന്ന്
കൊടും കാറ്റിനെയും വലിച്ചെറിയാന്‍ ശക്തയാണ്‌ നീയെന്നു..
ആ മിന്നല്‍ ഒരു മാത്ര എരിഞ്ഞപ്പോള്‍
മഴയായ് പെയ്തത് എന്റെ കണ്ണീരായിരുന്നു.
ഒരു ജന്മത്തിന്റെ സ്വപ്‌നങ്ങള്‍ മുഴുവന്‍ കരിച്ചു കളയാന്‍
നിനക്ക് ഒരു നിമിഷം മതിയെന്ന് അന്നേ തിരിച്ചറിഞ്ഞിരുന്നു ഞാന്‍.
പക്ഷെ ഞാന്‍ അന്നും ജീവിച്ചിരുന്നത് ആ മഴയില്‍ ആയിരുന്നു
എന്റെ സ്വപ്‌നങ്ങള്‍ പിറന്നതും, വളര്‍ന്നതും ആ മഴക്കൂട്ടിലായിരുന്നു
എന്റെ കണ്ണുകള്‍ ആദ്യമായ് പെയ്തതും,
പിന്നെ തോര്ന്നതും ആ മഴയില്‍ ആയിരുന്നു.
പിന്നീടെപ്പോഴോ സ്വപ്‌നങ്ങള്‍ ശൂന്യമായ്
തീര്ന്നപ്പോഴും മഴയുണ്ടായിരുന്നു.
ഇരുള്‍ നിറഞ്ഞ ഹൃദയാങ്കണത്തില്‍
കരിഞ്ഞു പോയ സ്വപ്നങ്ങള്‍ക്ക് ഞാന്‍,
ഏകയായ് കൂട്ടിരുന്നപ്പോഴും നീയുണ്ടായിരുന്നു.
നിയതി നിഴലായ് അഗാധ ശൂന്യമായ നൊമ്പരത്തിന്റെ
കനല്‍ കാറ്റായ് വീശുമ്പോഴും നീയുണ്ടായിരുന്നു.
എങ്കിലും അന്ന് ആ കാറ്റിനെ വെല്ലാന്‍
നീയെന്തു കൊണ്ട് അശക്തയായ് ..??
അറിയാം... കാരണം നീയെപ്പൊഴോ ആ കാറ്റിനെ
പ്രണയിച്ചു തുടങ്ങിയിരുന്നു
വേദനയുടെ, നഷ്ടപ്പെടലിന്റെ, അനന്തമായ
ശൂന്യതയുടെ മാറാപ്പു നീയും തോളിലേറ്റുകയായിരുന്നു
പ്രിയഭാവങ്ങള്‍ ക്ഷണ മാത്രമെന്നറിയാതെ,
അഴലിന്റെ കനലില്‍ എരിഞ്ഞു
പ്രണയം തകര്‍ന്നു പോകുമെന്നറിയാതെ,
നദിക്കു തീരമുണ്ടാകുമെന്നരിയാം... എങ്കിലും ..
ജല മദ്ധ്യത്തില്‍ ഒരു നിമിഷം ജീവിത
മാനസ്സ യാനം........തകര്‍ന്നു പോയേക്കാം..
സ്മൃതി വിസ്മൃതിയുടെ ആകാശ സീമയില്‍ അലിഞ്ഞു പോകുമോ?
കൊടും കാറ്റു വീശിയ വഴിത്താരകള്‍ കാലം വീണ്ടും നെയ്തെടുക്കുമോ?

No comments: