Monday 19 June 2017

വായനാദിനം

എത്ര വായിച്ചാലും മതിവരാത്ത പുസ്തകങ്ങളൊക്കെ ഇന്ന് അലമാരയിലൊളിച്ചിരിക്കുന്നു... ഒന്ന് കൈ തൊട്ടിട്ടു കാലങ്ങളായതു പോലെ , ഇനിയൊരിക്കൽ കൂടി ഇതു വഴി വരില്ലേയെന്നു അവർ നിശബ്ദമായി ചോദിക്കുന്നതു പോലെ ... ഓരോ പുസ്തകങ്ങളും വായിച്ചു
തീരുമ്പോൾ ..... നാളെ മുതൽ  ആ കഥാപാത്രങ്ങൾ കൂടെയില്ലെന്നറിയുമ്പോൾ. ... അനുഭവപ്പെടുന്ന നൊമ്പരം ,
എല്ലാം വായന
സമ്മാനിച്ചിരുന്ന അനുഭവങ്ങൾ .... വായനയെ ജീവനോളം സ്നേഹിച്ചിരുന്ന  കാലമൊക്കെ
ഇനി വരുമോ ?

വല്ലപ്പോഴും അക്ഷരങ്ങൾ കുത്തികുറിച്ചിരുന്ന തൂലികയും എവിടെയോ നഷ്ടമായി ... എങ്ങോ   നഷ്ടപെട്ട  അക്ഷരങ്ങളിലേക്കൊന്നു തിരിഞ്ഞു നടക്കാൻ കഴിഞ്ഞിരുന്നെങ്കിൽ...

വായന ദിനങ്ങളിങ്ങനെ ഇനിയും  വന്നുപോകും ആർക്കും വായിക്കാൻ സമയമില്ലാതെ ... "പൂജ്യത്തെയും
ഒന്നിനെയും" പോലെ "അക്ഷരങ്ങളും  കടലാസും"  ഭാരരഹിതം  ആവാത്തിടത്തോളം...!!!

Saturday 3 August 2013

സുഷുപ്തി.....!!!


എന്റെയുള്ളിലെ നീറുന്ന മൌനത്തിനും
നിനക്കും ഒരേ മുഖം
ആയിരം വട്ടം ഉരുക്കഴിച്ച
സ്നേഹ മന്ത്രത്തിലും
അക്ഷരത്തെറ്റുകള്‍
ഇരുണ്ട നിറമുള്ള കാളിന്ദികള്‍ പോലെ..

ഏതോ വരണ്ട സായാഹ്നത്തില്‍
ഉടലാര്‍ന്ന നിന്റെ പ്രണയം,
നിന്നില്‍ നിന്നൊഴുകുന്ന
തീക്ഷ്ണ മൌനത്തിന്റെ
അരുവികളില്‍
മടുപ്പിന്റെ വിഷ ലിപ്തമായ
നീലിച്ച ഞരമ്പുകള്‍ പിടയുന്നു

സ്നേഹത്തിന്റെ പട്ടു തൂവാലയില്‍
നെയ്തെടുത്ത നീയെന്ന സൂര്യ ബിംബം
വ്യാമോഹത്തിന്റെ
കടുത്ത നഖക്ഷതങ്ങളേറ്റ്,
മുറിവുകളില്‍ നിന്ന് രക്തം പൊടിഞ്ഞു,
തീത്തുള്ളികളായി ഇറ്റു വീഴുന്നു.....

കടലാഴങ്ങളില്‍ ഒളിപ്പിച്ച
മുത്തുച്ചിപ്പികള്‍ പോലെ,
നിന്റെ മൌനത്തിന്റെ
ആഴങ്ങളില്‍ നിന്നും,
എന്നിലേക്ക്‌ പെയ്തിറങ്ങുന്ന
സാന്ദ്രമായൊരു സംഗീത ശകലം...
മുറുകിയ വീണാതന്ത്രികളില്‍
ഏതോ നേര്‍ത്ത വിരല്‍ സ്പര്‍ശം
ഉണര്‍ത്തിയ
സപ്തസ്വരങ്ങള്‍ പോലെ....

നിന്റെ മൌനം..
ചിലപ്പോള്‍ നിരര്‍ത്ഥകമായ
ഒരു കാത്തിരിപ്പു പോലെ...
ചിലപ്പോഴൊക്കെ നിന്റെ
കണ്ണുകളെക്കാള്‍ വാചാലവും...
ഈ നിഗൂഡതയ്ക്ക് ഇനിയുമിനിയും
അനേകം അര്‍ത്ഥ തലങ്ങളുണ്ടാവാം...
എങ്കിലും എന്നിലുറയുന്ന,
നിന്റെ മൌനത്തിന്റെ
ആത്മാംശത്തെ അറിയുന്നു ഞാന്‍....

യാത്രാമൊഴിയോതുന്ന സൂര്യന്റെ
കണ്ണുകളില്‍ മരണത്തിന്റെ തിളക്കം..
പിന്നെയും
തുടരുന്ന യാത്ര
കാലാന്തരത്തിനുമപ്പുറം
ജന്മാന്തരങ്ങളിലൂടെ അലഞ്ഞലഞ്ഞു
വീണ്ടുമൊരു ജന്മത്തിനായ്

ഇനി
നോവുകളെ ചേര്‍ത്തടുക്കി
ഒരു കുടന്ന നിലാവിനെ
അഗ്നിയില്‍ ഉരുക്കിയൊഴിച്ചു
ഒരുക്കിയ ചിതയില്‍,
കടും നിറമുള്ള ജ്വാലയില്‍
പൊട്ടിത്തെറിച്ചു, കത്തിയെരിഞ്ഞടങ്ങണം......

എനിക്കൊന്നുറങ്ങണം......
ദാഹിച്ചു വരണ്ട നാവിലൊരു മഴ
കുടിനീര്‍ വീഴ്ത്തവേ,
തണുത്തുറഞ്ഞ ഭൂമിയുടെ മാറില്‍
മുഖം ചേര്‍ത്ത്, ശാന്തമായ്....
മൌനത്തിന്റെ മിന്നലൊളിയിലൂടെ
ഓര്‍മ്മകളിലെക്കൂളിയിട്ടു
മരണത്തോളമെത്തുന്ന സുഷുപ്തി.....!!!!!

********************

Monday 17 June 2013

ചങ്ങമ്പുഴ


കനക ചിലങ്ക കിലുങ്ങികിലുങ്ങി
കാഞ്ചന കാഞ്ചി കുലുങ്ങി കുലുങ്ങി
കടമിഴിക്കോണുകളില്‍ സ്വപ്നം മയങ്ങി
കതിരുതി ര്‍പ്പൂപുഞ്ചിരി ചെഞ്ചുണ്ടില്‍ തങ്ങി
ഒഴുകുമുടയാടായിലൊളിയലകള്‍ ചിന്നി
അഴകൊരുടലാ ര്‍ന്ന പോലങ്ങനെ മിന്നി
മതി മോഹന ശുഭ നര്ത്തനമാടുന്നയി മഹിതേ
മമ മുന്നില്‍ നിന്നു നീ മലയാള കവിതേ...........

"കാവ്യനര്‍ത്തകി"യെക്കൊണ്ട്‌ നൃത്തം ചെയ്യിച്ച മലയാളത്തിന്റെ പ്രിയ കാല്പനിക കവി ചങ്ങമ്പുഴ, ഒരു ജൂണ്‍ 17 നു  ആണ് മനോഹരിയായ ഈ ഭൂമിയോട് വിട പറയുന്നത്...  അനുപമമായ കാവ്യ മാധുരിയാല്‍ മലയാളത്തിനൊരു കാല്പനിക വസന്തം സമ്മാനിച്ച്‌ കൊഴിഞ്ഞു പോയ നക്ഷത്രമാണ് ചങ്ങമ്പുഴ..  കാല്പനികത അതിന്റെ സര്‍വ്വ കമനീയതകളോടും കൂടെ അദ്ദേഹത്തിന്റെ ഭാവനയിലേക്കാവാഹിക്കപ്പെട്ടു.... ഏതൊരു സാധാരണക്കാരനും മനസ്സിലാക്കാവുന്നത്ര ലളിതമായ കാവ്യശൈലിക്കുടമ ആയിരുന്നു ഈ താരുണ്യത്തിന്റെ ഗന്ധര്‍വ്വന്‍.. യുവത്വത്തിന്റെ സ്വപ്നങ്ങള്‍ക്ക് അദ്ദേഹം നിറങ്ങള്‍ ചാര്‍ത്തി...

"സങ്കല്പ കാന്തി" എന്ന കൃതിയില്‍ ഉള്ള "കാളിദാസന്‍" എന്ന മനോഹരമായ കവിതയില്‍ കാല്പനികതയുടെ അനുപമ സൌന്ദര്യം ഓരോ വരികളിലും നിഴലിക്കുന്നു.. നൂറ്റാണ്ടുകള്‍ക്കു മുന്‍പ് ജീവിച്ചിരുന്ന കാളിദാസ കവിയെക്കുറിച്ച് അദ്ദേഹം  രചിച്ച അപൂര്‍വസൌന്ദര്യം വിളങ്ങി നില്ക്കുന്ന ആ വരികള്‍ വായിച്ചപ്പോഴാണ് ഞാന്‍ കവിതയെ സ്നേഹിക്കാന്‍, ആരാധിക്കാന്‍  തുടങ്ങിയത്....

വിണ്ണിങ്കലപ്സര സ്ത്രീകള്‍ പൂവിട്ടോര,
സ്വര്‍ണ സിംഹാസനത്തില്‍, സകൌതുകം
മേവി, സ്സമാരാധ്യമാകുമോരേകാന്ത
ദേവ സദസ്സിന്നലങ്കരിക്കുന്നു നീ
വാരി വിതറുന്നു നിന് മൌലിയില്‍ സ്വര്‍ഗ്ഗ
വാരാംഗനകള്‍നല്‍കല്പക പൂവുകള്‍
നില്ക്കുന്നു നിന്നരികത്തു, നീ ലാളിച്ചു
നിത്യ താരുണ്യം കൊടുത്ത ശകുന്തള..
ചാമീകരത്തിന്‍ പിടിയിട്ട നല്ല വെണ്‍
ചാമാരത്താല്‍ നിന്നെ വീശുന്നിതുര്‍വശി..
സ്വര്ഗ്ഗത്തിലെ ദേവ സദസ്സിലിരിക്കുന്ന മഹാകവിയെ, അദ്ദേഹം തന്നെ നിത്യ താരുണ്യം നല്കി അനുഗ്രഹിച്ച ഉര്‍വശിയും ശകുന്തളയും അടുത്ത് നിന്നു പരിചരിക്കുന്നു... കാല്പനിക സൌന്ദര്യത്തിന്റെ അങ്ങേ അറ്റമാണ് ഈ വരികളില്‍ തെളിയുന്നത്...
പൂമാലയിട്ട് മരണത്തെ വരിച്ച പ്രിയ സുഹൃത്തിനു ഓര്‍മ്മയുടെ ഒരു നൊമ്പര കാവ്യം തന്നെ സമര്‍പ്പിച്ചു അദ്ദേഹം... "രമണന്‍" എഴുതുമ്പോള്‍ ചങ്ങമ്പുഴയ്ക്ക് 25 വയസ്സായിരുന്നു...

കാനനഛായയിലാടു  മേയ്ക്കാന്‍,
ഞാനും വരട്ടെയോ നിന്റെ കൂടെ ...

ആരണ്യ ചാര്‍ത്തിലെക്കെന്റെ കൂടെ
പോരേണ്ട പോരേണ്ട ചന്ദ്രികേ നീ..
.................................

എന്നെ വര്‍ണ്ണിച്ചൊരു  പാട്ട് പാടാന്‍
ഒന്നാ മുരളിയെ സമ്മതിക്കു

നിന്നെക്കുറിച്ചുള്ള ഗാനമല്ലാതീ
മുരളിയിലൊന്നുമില്ല....

ഇന്ന് മുഴുവന്‍ ഞാന്‍ ഏകനായാ
കുന്നിന്‍ ചെരുവിലിരുന്നു പാടും...
"രമണന്‍" എന്ന ഇടയ യുവാവിന്റെയും "ചന്ദ്രിക" എന്ന ധനിക യുവതിയുടെയും പ്രണയവും, പിന്നീട് വഞ്ചിതനാകുന്ന നായകന്റെ ആത്മഹത്യയുമാണ്‌ "രമണന്‍" എന്ന കവ്യത്തിന്റെ പ്രമേയം. രമണന് എപ്പോഴും ഒര്‍മയുണ്ടായിരുന്നു താനും ചന്ദ്രികയും തമ്മിലുള്ള അന്തരം... അത് കൊണ്ട് തന്നെ അവളെ നിരുല്‍സാഹപ്പെടുത്തികൊണ്ടിരുന്നു.... എങ്കിലും വിധി വേര്‍പിരിയല്‍ അനിവാര്യമാക്കിയപ്പോള്‍ ചന്ദ്രികയുടെ വിവാഹദിനത്തില്‍,  ദു:ഖാകുലനായ രമണന്‍ മരണത്തിന്റെ നിഗൂഡമായ കരങ്ങളില്‍ സ്വയം ഹോമിക്കുന്നു...

തന്റെ പ്രിയ സുഹൃത്തായിരുന്ന ഇടപ്പള്ളി രാഘവന്‍ പിള്ളയുടെ ആത്മഹത്യ ചങ്ങമ്പുഴയില്‍ ഉളവാക്കിയ അടക്കാനാവാത്ത ദു:ഖമാണ് ഈ വിലാപ കാവ്യം എഴുതാന്‍ അദ്ദേഹത്തെ പ്രേരിപ്പിച്ചത്.... ജാതിയുടെയും, മതത്തിന്റെയും, ധനസ്ഥിതിയുടെയും പേരില്‍ പരിപാവനമായ അനേകം അനുരാഗ ബന്ധങ്ങളെ തകര്‍ത്ത ദുഷിച്ച സാമൂഹികാവസ്ഥയ്ക്കെതിരെയുള്ള ഒരു പ്രതിഷേധം കൂടിയാവാം രമണന്‍...

കാല്പനികതയുടെ കാനന ചോലയില്‍ നിന്ന് മരണത്തിന്റെ മരവിച്ച ഏകാന്ത തീരത്തേക്ക് ഏകനായ് നടന്നു പോയ ചങ്ങമ്പുഴ തീരാത്ത വേദനയായ്‌ കവിതയെ സ്നേഹിക്കുന്നവരുടെ ഓര്‍മകളില്‍ എന്നെന്നും ജീവിക്കുന്നു....... യാഥാര്‍ത്ഥ്യം പലപ്പോഴും കൂര്‍ത്ത മുനയുള്ള മുള്ളുകള്‍ കൊണ്ട് പൊതിഞ്ഞതാണ്..... എന്തും സഹിച്ചും ജീവിതം ആസ്വദിക്കുവാന്‍ അതീവതാല്പര്യം കാണിച്ച ആ മഹാകവി മരണവുമായി പെട്ടെന്ന് അടുക്കുകയായിരുന്നു...  1948 ലെ ജൂണ്‍ 17 ണ് മരണം ക്ഷയരോഗത്തിന്റെ രൂപത്തില്‍ അദ്ദേഹത്തെ കടത്തികൊണ്ടു പോവുമ്പോള്‍ വെറും 36 വയസ്സായിരുന്നു ചങ്ങമ്പുഴയ്ക്ക്.... സ്വന്തം നാടായ ഇടപ്പള്ളിയില്‍ അദ്ദേഹം അന്ത്യ നിദ്ര കൊള്ളുന്നു...


ആ തൂലിക തുമ്പില്‍ നിന്നും ഇനിയുമെത്രയോ കാവ്യമലരുകള്‍ വിടരേണ്ടിയിരുന്നു... അവയ്ക്കൊന്നും ജന്മം നല്കാതെ , അക്ഷരങ്ങള്‍ക്ക് വിട പറഞ്ഞു അങ്ങ് യാത്രയായ്... സ്നേഹം കൊതിക്കുന്ന മനസ്സുകള്‍ക്ക് കാല്‍പ്പനികതയുടെ സാന്ദ്ര രാഗവുമായ് ഒരിക്കല്‍ക്കൂടി അങ്ങീ മലയാള മുറ്റത്ത്‌ തിരിച്ചെത്തിയിരുന്നെങ്കില്‍... അങ്ങയുടെ കാല്പാദങ്ങളില്‍ ഒരിക്കല്‍ നമിക്കാന്‍ കഴിഞ്ഞിരുന്നെങ്കില്‍..... അങ്ങയുടെ കാവ്യ സൃഷ്ടികള്‍ കല്പാന്ത കാലത്തിനും അപ്പുറം നിലനില്‍ക്കപ്പെടും.... മരണമില്ലാതെ... ഒരിക്കലും മരണമില്ലാതെ.
*****************************

ആരു വാങ്ങു,മിന്നാരു വാങ്ങുമീ-
യാരാമത്തിന്റെ രോമാഞ്ചം?
അപ്രമേയ വിലാസലോലയാം
സുപ്രഭാതത്തിന്‍ സുസ്മിതം
പൂര്‍വ്വദിങ്ങ് മുഖത്തിങ്കലൊക്കെയും
പൂവിതളൊളി പൂശുമ്പോള്‍,
നിദ്രയെന്നോടു യാത്രയുംചൊല്ലി
നിര്‍ദ്ദയം വിട്ടുപോകയാല്‍
മന്ദചേഷ്ടനായ് നിന്നിരുന്നു, ഞാന്‍
മന്ദിരാങ്കണവീഥിയില്‍.
എത്തിയെങ്കാതി,ലപ്പൊഴു,തൊരു
മുഗ്ദ്ധസംഗീതകന്ദളം....
*********

Saturday 25 May 2013

മൌനം


അകന്നു പോയതെന്തേ..... നീയെന്‍
മൌനമുറയുമീ നിഴല്‍ വഴിയില്‍ നിന്നും...
മഴക്കാലമെന്തേ മാഞ്ഞു വേഗം
കാറ്റിലൊരു കഥയെഴുതാതെ....
പ്രണയത്തിന്‍ കുഞ്ഞു പൂക്കളും
വാടിയോ.. എരിയുമീ പൊരി വെയിലില്‍
നൊമ്പരമെരിയുമീ ശിഥിലതാഴ്വരയില്‍
അണയുമൊരു  തിരിനാളം പോലെ ഞാന്‍ നില്പൂ ...
മറവിതന്‍ ചെപ്പിലടയ്ക്കാം
ഈ ഓര്‍മ്മകള്‍ തന്‍ മഞ്ചാടി മണികള്‍..
നീയറിയുന്നുവോ  ഈ വഴി നീളെ
ഞാന്‍ തിരഞ്ഞത് നിന്‍ പദനിസ്വനം
എന്നെ അറിയാതെ നീയെന്തേ പോവുന്നു
അകലങ്ങളിക്കെന്നില്‍  നിന്നും...?
മഴ പൊഴിയാത്തോരീ  മരുഭൂവില്‍
കാത്തിരിക്കാം ഇനിയും.... നിനക്കായ്
ഉടയ്ക്കാം ഞാനീ മൌനം
കേള്‍ക്കാന്‍ നീ വരുമെങ്കില്‍..

Monday 15 April 2013

നിഴലുകള്‍!!!!


നിഴലുകള്‍ക്ക് ഈ ജാലകത്തിനപ്പുറം നിറയുന്ന
ഇരുളിന്റെ നിറമാണ് ......
ആകാശ സീമകള്‍ക്കപ്പുറം നീരവം മറഞ്ഞുപോയ,
പ്രണയത്തിനു മരണത്തിന്റെ നിറമായിരുന്നു ...

നിഴലുകള്‍ പോലെ മരണത്തിന്റെ നീണ്ടുമെലിഞ്ഞ
വിരലുകള്‍, വീണ്ടും എന്റെ ശൂന്യതയില്‍!!!
കൈവഴികള്‍ വരണ്ടുപോയ പുഴ പോലെ....,
സ്വപ്‌നങ്ങള്‍ കരിഞ്ഞു പോയോ മനസ്സില്‍ നിന്നും..?

എന്റെ ശരികള്‍, നിനക്ക് തെറ്റുകള്‍ ആവുമ്പോള്‍,
എന്റെ വെളിച്ചം, നിനക്ക് ഇരുളാവുമ്പോള്‍ ,
ആഴമേറിയ കടല്‍ പോലെ വീണ്ടുമെന്റെ മുന്‍പില്‍
കറുത്ത ശൂന്യത നിഴല്‍ വിരിക്കുന്നു....

വേനല്‍ മഴയില്‍ ഈറനണിഞ്ഞ വഴികള്‍,
വീണ്ടും ഗ്രീഷ്മ താപത്തില്‍ പൊള്ളിപ്പിടയുന്നു....
വീണ്ടുമെന്നെ തനിച്ചാക്കുന്നുവോ
ഈ വിമൂകരായ സന്ധ്യകള്‍...?

സ്വരങ്ങളില്ലാത്ത, നിറങ്ങളില്ലാത്ത,
മാഞ്ഞു പോവാന്‍ മടിക്കുന്ന, ഏതോ വിദൂരമായ
ഓര്‍മ്മയുടെ നൊമ്പര ചിത്രങ്ങളില്‍,
നിഴലിന്റെ ഇരുള്‍നിറം കലരുന്നുവോ വീണ്ടും...?

Wednesday 10 April 2013

യുഗാദി


                   യുഗാദി!!! കര്‍ണാടകയിലെ പുതുവര്ഷം..... ഇവിടെ വന്നതിനു ശേഷം പങ്കെടുക്കാന്‍  പോകുന്ന ഏഴാമത്തെ യുഗാദിയാണ് നാളെ... പ്രിയപ്പെട്ട കൂട്ടുകാരോടൊപ്പം എപ്പോഴും ആഘോഷങ്ങളില്‍  പങ്കു ചേരാറുണ്ടെങ്കിലും ഈ വര്ഷം ഒരുപാട് വിലപെട്ടതായ് തോന്നുന്നു...  എന്ത് കൊണ്ടാണെന്നറിയില്ല , ഒരു പക്ഷെ ഒരുപാട് പ്രിയപ്പെട്ട ഈ നാടിനെയും പ്രിയ സുഹൃത്തുക്കളെയും പിരിഞ്ഞു പോവാന്‍ സമയം ആയി എന്ന തിരിച്ചറിവ് നല്കുന്ന വേദന തന്നെയാവാം ഈ യുഗാദിക്ക് മാധുര്യം കൂടാന്‍ കാരണം.

                 ഒരുപാട് സന്തോഷങ്ങളും,  ദു:ഖങ്ങളും സമ്മാനിച്ച നാട്.... എവിടെപോയാലും അഞ്ചു ദിവസങ്ങള്‍ക്കപ്പുരം ഈ നാടിനെ പിരിയാന്‍ കഴിയുമായിരുന്നില്ല.. ഈ നാടിലേക്ക്, ഇത്രത്തോളം ചേര്‍ത്ത് നിര്‍ത്തിയിരുന്നതെന്താവാം...? ആലോചിക്കാന്‍ ശ്രമിച്ചിട്ടില്ല അതെന്താണെന്ന്...  തങ്ങളില്‍ ഒരാളായി കണ്ടിരുന്ന സുഹൃത്തുകള്‍ തന്നെയാവാം കാരണം.. ഒരിക്കലും മറ്റൊരു നാട്ടില്‍ നിന്നും വന്നതാണെന്ന് തോന്നാന്‍  അവര്‍  അനുവദിച്ചിട്ടില്ല...  ഇവിടുത്തെ എല്ലാ ആഘോഷങ്ങളിലും അവരിലൊരാളായി ഇഴുകിചേരാന്‍  കഴിഞ്ഞിരുന്നു...

                 സുഹൃത്തുക്കള്‍ മാത്രമല്ല ഈ ജനതയും അങ്ങിനെ തന്നെയാണ്.. തങ്ങളുടെ നാട്ടിലേക്ക് വന്നെത്തുന്ന അന്യ നാട്ടുകാരെ ഇത്രത്തോളം നിറഞ്ഞ മനസ്സോടെ സ്വീകരിക്കുന്ന വേറെ ഒരു ജനത കാണുമോ..? ഇവിടേയ്ക്ക് എല്ലാവര്ക്കും സ്വാഗതമാണ്... പിന്നെ തങ്ങളുടെ ഭാഷയോടുള്ള അടങ്ങാത്ത  സ്നേഹം അതും ഇവരുടെ പ്രത്യേകതയാണ്... അന്യനാട്ടില്‍ നിന്ന് വരുന്നവര്‍ തങ്ങളുടെ ഭാഷ സംസാരിക്കാന്‍  പഠിക്കണം എന്നൊരു നിര്ബന്ധം അവര്ക്കുണ്ട്.. അവരുടെ ഭാഷ  സംസാരിക്കാന്‍ അറിയാം എന്നറിഞ്ഞാല്‍ അവര്‍  ഒരുപാടു സ്നേഹവും ബഹുമാനവും നല്കും...

               നാളെ യുഗാദി... ആഘോഷങ്ങളേക്കാള്‍ കര്‍ണ്ണാടകയുടെ ആത്മാവിനെ തൊട്ടറിയാന്‍ കിട്ടുന്ന അവസരം.. യുഗാദി എന്ന പദം സൂചിപ്പിക്കുന്നത് പോലെ തന്നെ ഒരു സംവത്സരത്തിന്റെ ആരംഭം ആണിത്... വിജയ നാമ  സംവത്സരമാണ്‌, നാളെ മുതല്‍ ആരംഭിക്കുന്നത്... കഴിഞ്ഞു പോയ നാളുകളെ തള്ളിമാറ്റി, നവ പ്രതീക്ഷകളോടെ, വിജയകരമായൊരു പുതിയ യുഗത്തെ വരവേല്‍ക്കലാണ്... യുഗാദിക്കു ദിവസങ്ങള് മുന്‍പ് തന്നെ വീടും അതിലെ എല്ലാ വസ്തുക്കളും വൃത്തിയാക്കും..

                 മാവിലയും ആര്യവേപ്പിന്റെ ഇലകളും വാതില്‍പടിയില്‍ തൂക്കി, രംഗോലി (അരിമാവ് കൊണ്ടുള്ള കോലം) വരച്ചു,  പുതുവസ്ത്രങ്ങള്‍ അണിഞ്ഞു പുതുവത്സരത്തെ വരവേൽക്കുന്നു.. ഭക്ത ജനങ്ങള്‍ അതിരാവിലെ എണ്ണ തേച്ചു കുളി കഴിഞ്ഞു, ദൈവനുഗ്രഹത്തിനായി പൂജയും മറ്റു പ്രാര്ത്ഥനകളും നടത്തുന്നു... പുതിയ വ്യവസായങ്ങള്‍ക്കും , മറ്റു തുടക്കങ്ങള്‍ക്കും നല്ല സമയമായാണ് കണക്കാക്കുന്നത്...

                  ഉഗാദി പച്ചടി എന്ന് വിളിക്കുന്ന 6 തരം രുചികള്‍  ഉള്‍പ്പെടുത്തിയ പ്രത്യക വിഭവം യുഗാദിക്കു ഒരുക്കാറുണ്ട്....... എരിവും, പുളിയും, കയ്പും, മധുരവും, ഉപ്പും എല്ലാം ഉള്പ്പെടുത്തിയ ഒരു പ്രത്യക വിഭവം ആണ് ഇത് .. പുതു വര്ഷം തുടങ്ങുമ്പോള്‍ തന്നെ, എരിവും, പുളിയും, മധുരവും, കയ്പും എല്ലാം ചേര്‍ത്ത് കഴിക്കുന്നതിലൂടെ ജീവിതത്തില്‍ നേരിടേണ്ടി വരുന്ന ഏതൊരു അവസ്ഥ യെയും നേരിടാന്‍  മനസ്സിനെ പാകപ്പെടുത്തുകയാണ്...

•  ആര്യ വേപ്പിന്റെ പൂക്കള്‍ ഭക്ഷിക്കുന്നത് - ജീവിതത്തിലെ കയ്പേറിയ/ സങ്കടപ്പെടുത്തുന്ന അനുഭവങ്ങളെ സൂചിപ്പിക്കുന്നു.

•  ശര്‍ക്കര അല്ലെങ്കില്‍ പഴം കഴിക്കുന്നത്‌ - ജീവിതത്തിലെ സന്തോഷകരമായ അനുഭവങ്ങളെ സൂചിപ്പിക്കുന്നു.

•  മുളക് ഭക്ഷിക്കുന്നത് - ദേഷ്യത്തെ സൂചിപ്പിക്കുന്നു.

•  ഉപ്പു ഭക്ഷിക്കുന്നത് - ഭയത്തെ സൂചിപ്പിക്കുന്നു.

•  പുളിവെള്ളം - വിദ്വേഷം/ വെറുപ്പിനെ സൂചിപ്പിക്കുന്നു.

•  പഴുക്കാത്ത മാങ്ങാ - അതിശയത്തെ സൂചിപ്പിക്കുന്നു.

                  യുഗാദിക്കു ഒരുക്കുന്ന ഏറ്റവും പ്രധാനപ്പെട്ടതും പ്രിയപ്പെട്ടതുമായ വിഭവമാണ് ഒബെട്ട്... ഒരിക്കലും മറക്കാനാവാത്ത മധുരം... ഈ നാടിനെ ഓര്‍ക്കുമ്പോള്‍ തന്നെ മനസ്സിലെക്കോടിയെത്തുന്നത് ഈ മധുരത്തിന്റെ  ഓര്‍മ്മയാണ് ... ഈ മധുരം എന്റെ പ്രിയപ്പെട്ട സുഹൃത്തുക്കളുടെ സ്നേഹത്തിന്റെ ഓര്‍മ്മ കൂടിയാണ് എനിക്കെന്നും..

                  ജീവിത യാത്രയില്‍ നഷ്ടപ്പെടാന്‍ പോവുന്ന, മാധുര്യമേറിയ, ഒരു കാലഘട്ടത്തിന്റെ ഓര്‍മ്മക്കുറിപ്പുകളില്‍.....  നീണ്ട ഏഴു വര്ഷം കൂടെയുണ്ടായിരുന്ന പ്രിയ സുഹൃത്തുക്കളെ,  ഒരുപാട് സ്നേഹത്തോടെ ,  എല്ലാവര്ക്കും യുഗാദി ആശംസകള്‍......

Friday 22 March 2013

ചന്ദനത്തിരികള്‍


ചന്ദനത്തിരികള്‍ക്ക് മരണത്തിന്റെ മണമാണെന്നും,
അവയെ നിനക്ക് ഭയമാണെന്നും,
എത്രയോ വട്ടം നീ എന്നോട് പറഞ്ഞിരുന്നു.....

അവസാനമായ് നിന്നെ കാണുമ്പോള്‍,
കത്തിച്ച ആയിരം ചന്ദനത്തിരികള്‍ക്ക് നടുവില്‍,
നീ തനിച്ചായിരുന്നുവെന്നു
നിന്റെ പ്രിയപ്പെട്ടവര്‍ എന്നോട് പറഞ്ഞു..

പിന്നീടിത് വരെ തിരികള്‍ തെളിയാതെ
ആലിലകളുടെ ഹരിനാമ ജപം കേള്‍ക്കാതെ
നീ വാണ ശ്രീകോവിലും ശൂന്യമായ്...