Monday, 16 January 2012

തകരുന്ന വീണ

മൌനത്തിന്റെ പട്ടു നൂലിഴയില്‍ കൊരുത്ത, നിഗൂഡതയില്‍ അലയുന്ന
മനസ്സിന്‍ ചോദ്യശരങ്ങള്‍ക്കുത്തരം തേടവേ....
വയല്‍ക്കാറ്റും, പുഴനീര്‍ തണുവും, നിന്നെക്കുറിച്ചുള്ള ഓര്‍മ്മകളും
വഴിയോര കാഴ്ചകളായി അകലെ മറയുന്നുവോ...?
എന്റെ മനസ്സറിയാതെ അന്ന് നീ ഊതിയണച്ച.. ദീപങ്ങള്‍
കൈക്കുമ്പിളില് ഞാന്‍ അണയാതെ കാത്തു വെച്ച ആയിരത്തിരികള്‍....
മഴയോളം കണ്ണീരായ്.. പിന്നെ നീ ഉരുകുമ്പോഴും
അറിഞ്ഞെങ്കിലും .....അറിയാതെ(അറിയാത്തതു പോലെ)...നിന്നില്‍ നിന്നും ഓടിയകലുന്നു ഞാന്‍..
അകലെ എന്റെ മിഴി നീരില്‍, എരിഞ്ഞടങ്ങിയ സൂര്യന്‍....
അറിഞ്ഞിരുന്നില്ല നീ... ഒരിക്കലും... നിനക്കായ്‌ ഞാന്‍ കാത്തു നിന്ന വഴിയോരങ്ങള്‍...
കത്തി നിന്ന ഉച്ച സൂര്യന്‍, എന്റെ കാലടികളെ തളര്ത്തിയപ്പോഴും
നിനക്കായ്‌ ഞാന്‍ കണ്ണീരിന്റെ ചൂടിലും, കുളിര്‍ മഴയായ് പെയ്തിരുന്നു..
ശ്രീകോവിലിന്റെ മുന്പിലെത്താതെ വഴിയില്‍ കൊഴിഞ്ഞു വീണ
മഞ്ഞു പൂക്കളില്‍ ഇന്ന്, നിന്റെ കണ്ണീരില്‍ മുങ്ങിയ മുഖം കണ്ടു ഞാന്‍..
ഇനിയും യുഗങ്ങളോളം നീളുന്ന വഴിത്താരയില്‍ - ഏകയായ്...അന്യയായ്...
ആര്‍ദ്രമായൊരു ശൂന്യസ്വപ്നത്തിന്റെ പാതിയില്‍....
നിന്നെക്കുറിച്ചുള്ള ഓര്‍മ്മകള്‍.. എന്നില്‍ നിന്നും അകന്നു  പോയെങ്കില്‍ ..
ഒന്നു തെളിഞ്ഞു, പിന്നെ മാഞ്ഞു പോകുന്ന മാരിവില്ല് പോലെ..
നീ ഉദിക്കുന്നതും, മറയുന്നതും, ഞാന്‍ അറിയാതിരിക്കട്ടെ.
നക്ഷത്രങ്ങള്‍ പിറക്കാന്‍ മറന്നുപോയ വാനം...
വരണ്ടുണങ്ങിയ ഭൂമി... കാല്പാദങ്ങളില്‍ പുതയുന്ന മണ്ണ് - പിന്നെയും
ഒരു പിടി മണ്ണിനായ് കാത്തിരിക്കുന്ന എന്റെ ജന്മം....
ചീറിയടിക്കുന്ന, ഫണമുയര്‍ത്തുന്ന, വിഷം കുടയുന്ന കൂരിരുട്ടില്‍
കൈകാലുകള്‍ കുഴഞ്ഞു, തളര്‍ന്നു ഞാന്‍ വീഴവെ
മരണത്തിന്റെ മണം തിരിച്ചറിയുന്നു ഞാന്‍ ..
ജീവിതത്തിന്റെയും, മരണത്തിന്റെയും
മാറി മറയുന്ന വിളിയൊച്ചകള്‍ക്കിടയിലും തിരിച്ചറിയുന്നു ഞാന്‍,
തകര്‍ന്നു പോയൊരു വീണയുടെ തന്ത്രികളില്‍.. ഉണരാനാവാതെ ..
പിടയുന്ന സാന്ത്വനത്തിന്റെ... ഹിന്ദോളം...നമ്മള്‍ പാടാതെ പോയ രാഗം...
എന്റെ പാദപതനസ്വരത്തില്‍ പോലും, നീ തിരിച്ചറിഞ്ഞിരുന്ന,
നിനക്കായുള്ള എന്റെ സാന്ത്വനത്തിന്റെ സംഗീതം.....

3 comments:

Nandu said...

nice

saleembabu said...

pranayathinte vingal oro variyilum.... great!

Anna said...

Thanks.