സ്നേഹത്തിന്‍ താരാട്ടു ഗീതം മൂളാന്‍
മോഹിനീ എന്‍ പ്രിയ തോഴീ മറന്നുവോ നീ
കാഞ്ചന പാദസരങ്ങള്‍ കളഞ്ഞു പോയ
ഗോപികേ നീയുമിന്നേകയായോ
ആത്മാവിലെരിയും ഓര്‍മ ചിന്തുകള്‍
നഷ്ട സ്വര്‍ഗത്തിന്‍ കാലടിപ്പാടുകള്‍
അന്യമായ് തീരുന്നു കിനാവുകള്‍ പോലും
മോചനമില്ലാത്ത ജീവിത വീഥിയില്‍
തന്ത്രികള്‍ തകര്‍ന്നുവോ രാഗം മറന്നുവോ
അകലെ നീ അനന്തമാം നിദ്രയില്‍ ലയിച്ചുവോ
മൂകമെന്‍ പിന്‍വിളി കേള്‍ക്കാതെ നീയെന്തേ
കാലത്തിന്‍ അജ്ഞാത തീരം തേടുന്നു
പോകരുതെന്‍ സഖീ തനിച്ചാക്കിയേന്നെയീ - മരുഭൂവില്‍
ചുടു കണ്ണീരുതിരും ശ്മശാന ഭൂവില്‍
നിശബ്ദമീയിരുണ്ട ഘോര വനാന്തരത്തില്‍
അഴലിന്റെ നിഴലില്‍ പിടയും മനസ്സരോവരത്തില്‍
സാന്ത്വനമേകും നിന്‍ കോവിലിന്‍ മുന്പിലിപ്പോഴും
ആലിലകളോതും ഹരിനാമ മന്ത്രമുണ്ടോ ?
തേടി വരട്ടേ ഞാന്‍ എന്നോര്‍മകള്‍ പൂജിക്കും
ആരണ്യ ഗംഗേ നിന്‍ ക്ഷേത്രാങ്കണം ?
നൊമ്പരത്തില്‍ ചാലിച്ച ചന്ദനത്തിന്‍ കുളിരില്‍
ഒരു നിമിഷമെങ്കിലും സ്വയം മറക്കാന്‍
രാഗം മയങ്ങും നിന്‍ മണിവീണാതന്ത്രിയില്‍
അലസമായ് വിരല്‍തൊടും തെന്നലാവാന്‍
ഉണരുമാ സപ്ത സ്വര മന്ത്രത്തില്‍
മറ്റൊരു മൌന സംഗീതമായ് അലിഞ്ഞു തീരാന്‍
അകലുന്നുവോ നാം അകലങ്ങളിലെക്കെന്നു
ഈറന്‍ ശ്രുതിയില്‍ നീ പാടുമ്പോള്‍
മരിക്കില്ലോരിക്കലും ഓര്‍മ്മകള്‍ എന്ന
സാന്ത്വനം തേങ്ങലായ് പകരാം ഞാന്‍
എന്നെന്നും സാന്ത്വനമായ് എന്നെ തഴുകിയിരുന്ന എന്റെ പ്രിയപ്പെട്ട പുഴയ്ക്കായ്
No comments:
Post a Comment