Monday, 29 August 2011

ഭ്രാന്തി

എല്ലാവരും ആ പുഴയില്‍ കുടിനീര്‍ കണ്ടെത്തിയപ്പോള്‍
എനിക്ക് മാത്രം കണ്ടെത്താനായത് പുഴയുടെ കണ്ണീര്‍  ആയിരുന്നു
എല്ലാവരും ആ വനത്തെ പേടിയോടെ നോക്കിയപ്പോള്‍
എനിക്ക് മാത്രം അത് ആത്മാവിനെ തഴുകുന്ന കുളിരായിരുന്നു
എല്ലാവരും തനിച്ചിരിക്കാന്‍ ഭയന്നപ്പോള്‍ ഞാന്‍ മാത്രം
ഏകാന്തതയില്‍ സ്വപ്‌നങ്ങള്‍ നെയ്തു കൂട്ടി
ആരവങ്ങള്‍ക്കിടയില്‍ ഞാന്‍ തനിച്ചായത്‌
നഷ്ടപ്പെട്ടതെന്തോ കണ്ടെത്താനായിരുന്നു
മറ്റുള്ളവരെല്ലാം പൂക്കള്‍ക്ക് സുഗന്ധം അറിഞ്ഞപ്പോള്‍
എനിക്ക് കണ്ടെത്താനായത് അതിലെ ജീവന്റെ സ്പന്ദനം ആയിരുന്നു
അവരെല്ലാം മുള്ളുകള്‍ വേദനിപ്പിക്കുന്നുവെന്ന് പറഞ്ഞപ്പോള്‍
എനിക്കത് വേദനകളെ ഒരു നിമിഷം എങ്കിലും മായ്ക്കുന്ന മരുന്നായിരുന്നു
സ്നേഹത്തില്‍ എല്ലാവരും മാധുര്യം കണ്ടെത്തിയപ്പോള്‍
എനിക്കുമാത്രം അനുഭവപ്പെട്ടത് കാളകൂടത്തിന്റെ കയ്പായിരുന്നു
തിരകള്‍ ഉയര്‍ത്തി അലറുന്ന കടലിനെ എല്ലാവരും ഭ്രാന്തി എന്ന് വിളിച്ചപ്പോള്‍
എനിക്ക് മാത്രം കണ്ടെത്താനായത് നഷ്ട സ്വപ്നങ്ങളുടെ ഓര്‍മ്മയില്‍
നൊമ്പരപ്പെടുന്ന ഒരാത്മാവിനെ ആയിരുന്നു
പ്രണയത്തിനു എല്ലാവരും നിറങ്ങള്‍ നല്‍കിയപ്പോള്‍ എന്റെ പ്രണയത്തിനു
കണ്ണീരിന്റെ ഉപ്പും, മരണത്തിന്റെ തണുപ്പും മാത്രമാണ് ഉണ്ടായിരുന്നത് 
തകര്‍ന്ന സ്വപ്നങ്ങളുടെ ചൂടേറ്റു ഇനിയവ കറുത്ത് പോയേക്കാം
മരണമേ... എല്ലാവരും നിന്നെ ഭയപ്പെടുമ്പോള്‍
എനിക്ക് മാത്രം സുരക്ഷിതത്വത്തിന്റെ സാന്ത്വനമേകുന്ന നീ
എന്നെ ഒരിക്കലും തനിച്ചാക്കില്ലെന്നു അറിയുന്നു ഞാന്‍