Tuesday, 4 October 2011

ഒരു സ്നേഹബലിയുടെ ഓര്‍മകളില്‍

കാത്തു നില്‍ക്കാം ഞാന്‍ ഗാഗുല്‍ത്താ മലയുടെ താഴ്വരയില്‍
പ്രാണന്‍ പകുത്തു നല്‍കിയ നാഥന്റെ വരവും കാത്തു.
ബത്ലഹേമിലെ പുല്‍ തൊഴുത്തില്‍ നിന്നും
കാല്‍ വരിയുടെ മുകളിലെ കുരിശു വരെ നീ
എനിക്കായ് ഒഴുക്കിയ മിഴിനീര്‍ മുത്തുകള്‍
കാണാതെ പോയ്‌ ഞാന്‍ കാരുണ്യ വാരിധെ
ഏതോ തപ്ത ചിന്തകളില്‍ നഷ്ടമായ്
ഏകാന്ത ശൂന്യമായ് എന്റെ ഹൃദയം
അറിഞ്ഞു നീ എന്റെ അടങ്ങാത്ത നൊമ്പരം
കനിവിന്റെ തലോടലായ് നിന്റെ മിഴികള്‍
നിന്റെ കാല്‍പാട് പണ്ടു പതിഞ്ഞ വീഥികള്‍ തേടി
വന്നു ഞാന്‍ മിഴിനീര്‍ പൂക്കളാല്‍ അര്‍ച്ചന ചെയ്യാന്‍
ഗോല്ഗോഥായില്‍ നീ എനിക്കായ് ഒരുക്കിയ
നിത്യ സ്നേഹത്തില്‍ പവിത്ര സ്മാരകത്തില്‍ മുന്‍പില്‍
ഒരു സ്നേഹബലിയുടെ ഓര്‍മ്മകള്‍ ഉറങ്ങും
ജറുസ്സലെമിലെ തെരുവീഥികളിലൂടെ
നൊമ്പരങ്ങള്‍ മൌന പ്രാര്‍ത്ഥനയാക്കിയോരമ്മ തന്‍
മിഴിയോടു മിഴി ചേര്‍ത്ത് മൌനമായ് നീ
യാത്ര ചൊല്ലിയ നൊമ്പര നിമിഷം
അറിയാതെ കാണാതെ കടന്നു പോയ്‌ ഞാന്‍
ശൂന്യമായ് എന്റെ മനസ്സും, ഒരു നൊമ്പര രേണുവായ്‌
അറിയാം നീ അറിയുന്നെല്ലാമെന്നു എങ്കിലും...
അറിയാതെ ഞാന്‍ കണ്ട കിനാവുകള്‍ കരിന്തിരി
കത്തിയ ദീപമായ്‌, നിലാവ് മറഞ്ഞ രാത്രിയായ്
നീ പണ്ട് കൊളുത്തി നല്‍കിയ തിരിനാളം എപ്പോഴോ
അണഞ്ഞു പോയ്‌ വീശിയടിച്ച കൊടുംകാറ്റില്‍
എങ്കിലും ദീപമായ്‌, സ്നേഹമായ്, കരുതലായ്‌, കാവലായ്,
നീയെന്റെ കൈവിരല്‍ തുമ്പില്‍ പിടിച്ചിരുന്നു ഞാനറിയാതെ
മഴയില്‍, ഇരുളില്‍, എന്റെ മിഴികള്‍ പെരുമഴയായപ്പോള്‍
നീയും പെയ്തു പോയ്‌ സ്നേഹ കണ്ണീരായ്
ശാരോണിലെ പൂക്കളും, ഒലിവിന്‍ ചില്ലകള്‍ പോലും
അറിഞ്ഞിരുന്നു നിന്‍ മനം, നിന്റെ വഴികളും
എങ്കിലും നിന്‍ സ്വേദബിന്ദുക്കള്‍ ചുടുനിണമായൊഴുകിയതു
അറിഞ്ഞില്ല നിന്റെ സ്വന്തമീ ഗെത്സെമന്‍

No comments: