Friday, 4 November 2011

സഹ്യാദ്രിക

പ്രകൃതിയും കാലവും സമന്വയിച്ച മനോഹര
ഹരിത കാനന സൌന്ദര്യമേ സഹ്യാദ്രികേ..
പാദസരം പോലെയൊഴുകുന്നു നിന്നില്‍ നിന്നും
ഉയിരെടുത്ത സഹ്യപുത്രി, അനന്ത പ്രവാഹിനീ.....
കണ്ണീരിന്‍ കഥകള്‍ ചൊല്ലിത്തന്നു നീ
കരയാന്‍, കണ്ണീര്‍ അറിയാന്‍ പഠിപ്പിച്ചു
സാന്ത്വന മന്ത്രങ്ങള്‍ ഉരുവിട്ട് തന്നു നീ ഞങ്ങളെ - പരസ്പരം
കണ്ണീര്‍ തുടയ്ക്കാന്‍ പഠിപ്പിച്ചു.
സ്നേഹ ലോലയാം പ്രകൃതിയമ്മേ - ഇളം കാറ്റില്‍
നിന്‍ ഹരിത സുന്ദര താഴ്വാരങ്ങള്‍
നീല മുകിലായ്, മഴയായ്, കുളിരേകും തണലായ്‌ - വെയിലില്‍
നീയമൂര്‍ത്ത സുന്ദര കാഞ്ചന തൊട്ടിലായ്..
അമ്മ മണമുള്ള നന്ദിനി പശുവിനു മുത്തം കൊടുക്കവേ
അവളെന്റെ കൈകള്‍ നക്കി തുവര്‍ത്തി - നീരവം
സ്നേഹത്തിന്‍ താരാട്ടായ് നിന്‍റെ കഥ പറഞ്ഞു.
വന്നു ഞങ്ങളന്നാ കാനന മുറ്റത്തു നിന്‍ സൌന്ദര്യോപാസകരായ്...
പണ്ട് പിഞ്ചു കുഞ്ഞായ്‌ പിച്ച വെച്ചതും,
ഋതുക്കളായ് ദിനങ്ങള്‍ പിറന്നതും മറഞ്ഞതും
ബാല്യ കൌമാരങ്ങള്‍ പിന്നിട്ടു പോയതും - എല്ലാം...
മറവിയിലലിയാത്ത ഓര്‍മ്മ നൊമ്പരങ്ങള്‍....
പിന്നീടൊരു സായം സന്ധ്യയില്‍, യാത്ര പറയാതെ -  യാത്രയായ് ഞാന്‍
അകലെയാ മലയോരത്തൊളിപ്പിച്ചോരെന്‍ മനസ്സുമായ്..
നഗരജീവിത മരുഭൂപ്പെരുവഴിയില്‍ കണ്ണുകള്‍ നിറയുമ്പോള്‍
ഓടിയെത്താനൊരു മാനസ സാന്ത്വന മന്ദിരം നീ....
ഓര്‍മ്മ തന്‍ തിരുമുറ്റത്തെന്നെന്നും  നിശബ്ദം ഞാന്‍ പൂജിച്ച, കാടിന്റെ
ശ്രീകോവിലിന്‍ മുന്പിലിന്നും നമസ്കരിക്കുന്നു... വഴി നടത്തിയ വഴി വിളക്കേ..
വേണ്ടാ നിത്യ പൂജകള്‍, നിര്‍മ്മാല്യങ്ങള്‍, തെളിയിച്ച മന്ചെരാതുകള്‍ - ഇവിടെ
കൂമ്പിയ മിഴികളോടൊരു നിമിഷം നമിച്ചാല്‍,
കൂപ്പിയ കൈകളില്‍ നീ വരും അണയാത്ത സ്നേഹവരപ്രസാദമായ്.
സൂര്യ കിരണങ്ങള്‍ എന്നും യാത്ര ചൊല്ലവേ
വിരഹാര്‍ദ്രയായ്, ശോണസന്ധ്യയില്‍ കാതരേ നീ
പ്രണയ കുങ്കുമം ചാര്‍ത്തി, കാറ്റിന്‍ കൈകളില്‍
അറിയാതൊരു കുഞ്ഞു തേങ്ങലാല്‍ യാത്രാ മംഗളം നേര്‍ന്നു....
ആരാരുമറിയാതെ ഹൃദയ നൊമ്പരം മുകിലിന്‍ നിറമുള്ള -
മനസ്സിന്റെ അകചെപ്പില്‍ ഒളിപ്പിച്ചു നീ...
ഉറയാത്ത നൊമ്പരം ജീവിത ദു:ഖ കനലേറ്റുരുകവേ....
വീണ്ടുമൊരു യാത്രാ മൊഴി.... സ്നേഹത്തിന്‍ അക്ഷയ പാത്രമേ
സഹ്യാദ്രികേ, വരദാനമേ, ഭാരതത്തിന്റെ
അനുസ്യൂത കാനന പ്രവാഹമേ വാഴ്ക നീ...

No comments: