അക്ഷരങ്ങളായ് നീ പണ്ട് കൊരുത്തുവെച്ച സ്വപ്‌നങ്ങള്‍....
ഇന്നവ വെറും കറുപ്പ് മഷി പടര്‍ന്ന,
ചെളിപുരണ്ട കടലാസ്സു തുണ്ടുകള്‍ ..
ആ അക്ഷരങ്ങളില്‍ ശൂന്യമായ മനസ്സ് പൂഴ്ത്തി, ഞാന്‍ ഇവിടെ..
നിനക്കിനിയും തുലാമഴയായ് ഇവിടെ പെയ്തു തോരാം,
വര്‍ണ്ണ വളപ്പൊട്ടുകളില്‍ നിഷ്കളങ്ക ലോകം തീര്‍ക്കാം ..
കടലാസ്സു തോണികള്‍ മുറ്റത്തെ കുഞ്ഞരുവിയില്‍ ഒഴുക്കി വിടാം
കനലെരിയുന്ന കഥക്കൂട്ടുകളില്‍ കാറ്റിന്റെ കൈകള്‍ മുക്കി
നിനക്കിനിയും ഈ മണ്‍ കുടിലിന്റെ,
വിണ്ടു കീറിയ ചുവരുകളില്‍ ചിത്രങ്ങള്‍ എഴുതാം...
ഭൂത കാലത്തിന്റെ നദീ തീരത്തിനക്കരെ നിന്നും
ആരോ, നിന്റെ പേര്‍ വിളിക്കുന്നു....
അക്ഷരങ്ങള്‍ക്കപ്പുറത്ത് എനിക്ക് കാണാം
സ്വപ്‌നങ്ങള്‍ മഴയായ് പെയ്തിറങ്ങിയ ഇടവപ്പാതികള്‍...
ഇപ്പുറം ,
അഗ്നിയില്‍ എരിഞ്ഞ ജീവനറ്റ സ്വപ്നങ്ങളുടെ ചിതാഭസ്മം
കാല പ്രവാഹത്തിന്റെ നീരൊഴുക്കില്‍ നിമജ്ജനം ചെയ്യാന്‍,
ഓര്‍മകള്‍ക്ക് വിടുതല്‍ നല്‍കി ആത്മാവിനെ
അനന്തതയിലേക്ക് തുറന്നു വിടാന്‍....
ശ്മശാന മൂകതയില്‍ കത്തിയെരിയുന്ന ഗ്രീഷ്മം..
എന്റെ കൈവിരലുകള്‍ക്ക് അപ്രാപ്യമായ ദൂരത്തു നീ തനിയെ....
നിലാവിന്റെ കൈകള്‍ക്ക് പോലും
ആത്മാക്കളെ തൊട്ടുണര്‍ത്താനാവില്ലെന്നോ .....?
അവര്‍ അന്ധരാണ്, ചില്ല് ജാലകത്തിനപ്പുറമെന്ന പോലെ,
ഭൂമിയില്‍ പിടയുന്ന മനസ്സുകളുടെ നൊമ്പരം കാണാനാവാത്ത വിധം...